District News
ചമ്പക്കുളം: കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴ വരണ്ടുണങ്ങിയ മണ്ണിനും പ്രകൃതിക്കും കുളിർമ പകർന്നപ്പോൾ കുട്ടനാട്ടിലെ നെൽകർഷകർക്ക് ഇത് ആധിയാണ് സമ്മാനിക്കുന്നത്. കഴിഞ്ഞദിവസം വൈകുന്നേരം ആലപ്പുഴ ജില്ലയിൽ കുട്ടനാട് ഉൾപ്പെടെ മിക്ക ഇടങ്ങളിലും ശക്തമായ കാറ്റോടുകൂടി മഴ പെയ്തിരുന്നു.
ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട മഴയത്ത് കുട്ടനാട്ടിലെ കൊയ്യാൻ പാകമായ നെൽച്ചെടികൾ വീണതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. വിത കഴിഞ്ഞ് 100-110 ദിവസങ്ങളായ പാടശേഖരങ്ങളാണ് ഭൂരിപക്ഷവും. 120 ദിവസങ്ങമാകുമ്പോൾ കൊയ്ത്ത് നടത്തേണ്ട പാടങ്ങളാണ് ഭൂരിപക്ഷവും.
കഴിഞ്ഞദിവസം മുതൽ കുട്ടനാട്ടിൽ പുഞ്ചകൃഷിയുടെ കൊയ്ത്താരംഭിച്ചു. കൊയ്യാൻ പാകമായി നില്ക്കുന്ന നെൽച്ചെടി മഴ പെയ്യുമ്പോൾ നിലംപതിക്കാൻ സാധ്യത കൂടുതലാണ്. നെൽച്ചെടി വീണാൽ വിളവിന്റെ പകുതി പോലും കൊയ്തെടുക്കാനാവില്ലെന്നാണ് കർഷകർ പറയുന്നത്. കൂടാതെ കൊയത്തു യന്ത്രമുപയോഗിച്ച് കൊയ്യാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യും.
മഴ പെയ്ത് കണ്ടത്തിൽ സംഭരിക്കപ്പെടുന്ന വെള്ളം നെൽച്ചെടികൾ വീഴുന്നതോടെ ഒഴുകി മാറാൻ ബുദ്ധിമുട്ടാകും. ഇത് യഥാസമയം യന്ത്രമിറക്കി കൊയ്ത്ത് നടത്തുന്നതിനും ബുദ്ധിമുട്ടുണ്ടാക്കും. അതോടൊപ്പം ഈർപ്പമുള്ളതിനാൽ വീണു കിടക്കുന്ന കതിർമണികൾ കിളിർക്കുകയും ചെയ്യും.
കഴിഞ്ഞ പല വർഷങ്ങളിലും മികച്ച വിളവുണ്ടായിട്ടും വേനൽ മഴമൂലം യഥാസമയം കൊയ്തെടുക്കാനാവാതെ പോയത് കർഷകർക്ക് വലിയ നഷ്ടം വരുത്തിയിരുന്നു. കുട്ടനാട്ടിലെ നെൽ കർഷകർക്ക് വേനൽമഴ ആശങ്കയുടെ നാളുകളാണ് സമ്മാനിക്കുന്നത്.